സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് പങ്കുവയ്ക്കുന്നു - Justice Kurian Jospeh Shares his family life experience

സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ്  പങ്കുവയ്ക്കുന്നു -  Justice Kurian Jospeh Shares his family life experience - Karunikan October 2018 edition

അങ്ങയുടെ ഇളയ മകളുടെ കല്ല്യാണത്തിന് അപ്പനെന്ന നിലയില്‍ അവളെ എങ്ങനെയാണ് ഒരുക്കിയത്?

കല്ല്യാണം നിശ്ചയിച്ചശേഷം മക്കളെ പെട്ടെന്ന് ഒരുക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. മക്ക ളുടെ ജീവിതാന്തസ്സ് വിവാഹമാണെന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ അവരെ ആ ജീവിതാന്തസ്സിനുവേണ്ടി ഒരുക്കാന്‍ തുടങ്ങണം. ഇതിനെ അകന്ന ഒരുക്കമെന്ന് വിളിക്കാം. അടുത്ത ഒരുക്കം എന്നു പറയുന്നത് വിവാഹ കോഴ്‌സുകളൊ ക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ഏറെക്കാലം മുമ്പേതന്നെ മക്കളെ ഒരുക്കി തുടങ്ങണം. മകളാ ണെങ്കില്‍ അവള്‍ക്കായി ഒരു ഭര്‍ത്താവിനെ ദൈവം തിരഞ്ഞെടുത്ത് വച്ചിട്ടുണ്ട്. ആ മകന് വേണ്ടി പ്രാര്‍ ത്ഥിച്ചു തുടങ്ങാന്‍ അവളെ പ്രേരിപ്പിക്കണം. ഞങ്ങള്‍ രണ്ട് പെണ്‍മക്കളോടും അവര്‍ ജീവിതാന്തസ്സ് തിര ഞ്ഞെടുത്തതിനുശേഷം പറയുമായിരുന്നു: നിങ്ങള്‍ ക്കുവേണ്ടി ഒരു മകനെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്; അവന്‍ ലോകത്തെവിടെയോ ജീവിച്ചിരിപ്പുണ്ട്.


അവനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്. അവന്‍ ജീവിത വിശുദ്ധിയിലും, വിശ്വാസത്തിലും കൃപയിലും വളര്‍ന്ന് വരാനായിട്ട്. മക്കളുടെ വിവാഹത്തിന് ഞങ്ങള്‍ ചെയ്ത ഒന്നാമത്തെ കാര്യമാണിത്.

രണ്ടാമത്തെ കാര്യം, മക്കള്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന ജീവിതാന്തസ്സിന്റെ വിശുദ്ധിയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ്. പറഞ്ഞുകൊടുക്കുന്നതിലുപരി അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍നിന്ന് മക്കള്‍ കണ്ട് പഠിക്കുകയാണ് വേണ്ടത്. വിവാഹ ജീവിതം പ്രദാനം ചെയ്യുന്ന സന്തോഷവും, ആനന്ദവും അവര്‍ മാതാപിതാക്കളില്‍ നിന്ന് കണ്ട് പഠിക്കണം.

കണ്ട് പഠിക്കുന്നതിന് ഒപ്പം തന്നെ പ്രബോധന ത്തിന്റെ വശവും ഉണ്ട്. തന്റെ ജീവിതാന്തസ്സിന്റെ മാഹാത്മ്യം മനസ്സിലാക്കി അതിനുവേണ്ടി തന്റെ ആത്മാവിനെയും ശരീരത്തെയും വിശുദ്ധിയിലും കൃപയിലും കാത്ത് സൂക്ഷിച്ച് അതിനുവേണ്ടി ഒരു ങ്ങുക പ്രധാനമാണ്. അതൊരു തീവ്രമായ ഒരുക്ക മാണ്. അവര്‍ സ്വീകരിക്കാന്‍ പോകുന്ന ജീവിതപങ്കാ ളിക്കു വേണ്ടി ആത്മീയമായും ശാരീരികമായും ഒരുങ്ങുക എന്നുള്ളത് വ്യക്തിപരമായ ഒരുക്കമാണ്. ഇങ്ങനെയാണ് മക്കളെ ഞങ്ങള്‍ വിവാഹത്തിനായി ഒരുക്കിയത്.

അങ്ങ് ആദ്യം വക്കീലായിരുന്നു. പിന്നീട് ജഡ്ജിയും. അങ്ങനെ തിരക്കുള്ള ജീവിതം. അങ്ങ യുടെ ഭാര്യയോ ഹൗസ് വൈഫും. ഈ സാഹ ചര്യത്തില്‍ കുടുംബജീവിതം എങ്ങനെ നന്നായി കൊണ്ടുപോകാനായി?

ജീവിതപങ്കാളിയുമായുള്ള ജീവിതത്തില്‍ പരസ് പരം മനസ്സിലാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ഉദാഹരണത്തിന് എന്റെ ഭാര്യ ജോലിക്കാ രിയാണെങ്കില്‍ ഭാര്യയ്ക്ക് ആ ജോലിയില്‍ ആവശ്യ മായ സമയത്തെക്കുറിച്ചും, അതിന്റെ ഉത്തരവാദിത്വ ങ്ങളെക്കുറിച്ചും ഭര്‍ത്താവ് ബോധവാനായിരിക്കണം. എങ്കില്‍ മാത്രമെ ഭാര്യയെ ആയിരിക്കുന്ന അവസ്ഥ യില്‍ അംഗീകരിക്കാന്‍ ഭര്‍ത്താവിന് പറ്റുകയുള്ളൂ. അല്ലെങ്കില്‍ എല്ലാ സമയവും ദേഷ്യവും മുറുമുറുപ്പും ആയിരിക്കും. കാരണം ഭര്‍ത്താവിന് കിട്ടേണ്ട സമയമാ ണല്ലോ ജോലിയെന്ന് പറഞ്ഞ് നടക്കുന്നത്.
അതുപോലെ തന്നെ നേരെ മറിച്ചും. ഭര്‍ത്താവ് ഒരു ഉദ്യോഗസ്ഥന്‍ ആണെങ്കില്‍ അത് എന്ത് തരം ജോലി ആണെന്നും, ആ ഉദ്യോഗം ആവശ്യപ്പെടുന്ന ഉത്തര വാദിത്വങ്ങള്‍ ഏതൊക്കെയാണെന്നും ഭാര്യ അറി ഞ്ഞിരിക്കണം.

ഉദാഹരണത്തിന് വക്കീലിന്റെ ജോലി എടുക്കാം. ഒരാള്‍ വന്ന് ഒരു കേസ് ചര്‍ച്ച ചെയ്ത് പോയാല്‍ ആ കേസിന്റെ ജോലി തീരുന്നില്ല, തുട ങ്ങുന്നേ ഉള്ളൂ. ഇതൊരു കുഞ്ഞ് ജനിക്കുന്നതു പോലെയാണ്. ആദ്യം കേസ്സ് നന്നായി പഠിച്ച് അത് ഡ്രാഫ്റ്റ് ചെയ്യണം. പിന്നീട് അത് അവതരിപ്പിച്ച് വാദിച്ച് ജയിപ്പിച്ചെടുക്കാന്‍ എത്രയോ സമയമെ ടുക്കും? അങ്ങനെ വല്ലാത്തൊരു തുടര്‍ ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള ഒരു തൊഴില്‍ ആണ് വക്കീലിന്റേത്.

എന്നിരുന്നാല്‍ പോലും ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഒരിക്കല്‍പോലും മുടങ്ങാതെ ചെയ്തിരുന്ന മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്, ഒരു ഉല്ലാസ യാത്രയാണ്. ചുരുങ്ങിയത് വര്‍ഷത്തില്‍ ഒന്നെങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉല്ലാസ യാത്രയ്ക്കു പോകും. രണ്ടാ മത്തേത്, ഞങ്ങള്‍ ഒരുമിച്ചു നടത്തുന്ന ധ്യാനം. മൂന്നാ മത്തേത്, ഒരു തീര്‍ത്ഥാടനം.

മറ്റൊരു കാര്യം ജീവിതപങ്കാളിയുമായി വ്യക്തി പരമായി പങ്കുവയ്ക്കാനും സംസാരിക്കാനുമുള്ള അവ സരമാണ്. എറണാകുളത്ത് ആയിരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് മറൈന്‍ഡ്രൈവില്‍ നടക്കാന്‍ പോകുമായിരുന്നു. കുറച്ചു നേരം നടക്കും. കുറച്ചു നേരം അവിടെ ഇരിക്കും. ഇതിനിടയില്‍ ഒത്തിരി സംസാരിക്കും.

ജീവിതത്തില്‍ ഞാന്‍ പഠിച്ച ഒരു പാഠമുണ്ട്. തിര ക്കുള്ള ആള്‍ക്കേ സമയമുണ്ടാകുകയുള്ളൂ. തിരക്കി ല്ലാത്ത ഒരാള്‍ക്ക് ഒരിക്കലും ഒന്നിനും സമയം കിട്ടില്ല. തിരക്കുള്ള ആളിന് എല്ലാത്തിനും സമയം കിട്ടും. ഉള്ള സമയത്തെ നമ്മള്‍ ക്രമീകരിക്കണമെന്നേയുള്ളൂ.
പക്ഷെ അതിന്റെയൊരു രണ്ടാം ഭാഗം പറയാം. വക്കീലായിരുന്നപ്പോള്‍ ഭാര്യയ്ക്കു കൊടുത്തിരുന്ന സമയം ഒരു പക്ഷേ ജഡ്ജിയായിരുന്നപ്പോള്‍ എനിക്ക് കൊടുക്കാന്‍ പറ്റിയിട്ടില്ല. കാരണം ജഡ്ജിയായ ശേഷം എന്റെ ഉത്തരവാദിത്വം കൂടി. അതിനാല്‍ പഴയ പോലെ സമയം കൊടുക്കാന്‍ കഴിയുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്.

മക്കള്‍ മൂന്നുപേരും വിവാഹം കഴിച്ച് പോയതിനു ശേഷം ഞങ്ങള്‍ എല്ലാദിവസവും ഒരുമിച്ച് പള്ളിയില്‍ പോകും. പിന്നെ ഭക്ഷണം ഒരുമിച്ചായിരിക്കും. ഒരി ക്കലും ഞങ്ങള്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാറില്ല. ഒരു മിച്ച് പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനയ്ക്ക് മുമ്പും പ്രാര്‍ത്ഥ നയ്ക്ക് ശേഷവും ഞങ്ങള്‍ സംസാരിക്കും. ആ ദിവ സത്തിലെ കാര്യങ്ങള്‍ അപ്പോള്‍ പങ്കുവയ്ക്കും. എല്ലാദിവസവും മക്കളെ ഞങ്ങള്‍ വിളിക്കും. ഗലലു ഇീിിലരലേറ എന്നുള്ളതാണ് ഞങ്ങളുടെ കുടുംബ ത്തിന്റെ ഒരു ആദര്‍ശം. ഓസ്‌ട്രേലിയയില്‍ ഉള്ള ആളെ വിളിക്കാന്‍ അഞ്ചര മണിക്കൂര്‍ വ്യത്യാസമുണ്ട്. കോടതിയില്‍ നിന്ന് വന്നിട്ട് വിളിക്കുമ്പോള്‍ അവര്‍ കിടക്കാന്‍ പോകുന്ന സമയമായിരിക്കും.

ന്യൂ ജനറേഷന്‍ ദമ്പതികള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യത്തില്‍ പുതിയ ദമ്പതികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഞങ്ങളുടെ കാലത്തേക്കാളും കൂടുതലാണ്. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാല്‍ അവര്‍ ഗ്രാന്റ് പേരന്റ്‌സുമായുള്ള ബന്ധം സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇന്നത്തെ ദമ്പതികള്‍ രണ്ട് പേരും മിക്കവാറും ജോലിക്കാരായിരിക്കും. അവര്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ അത്രക്ക് ശ്രദ്ധിക്കാ നായെന്നു വരില്ല. അതിനാല്‍ ഇരുഭാഗത്തുമുള്ള ഗ്രാന്റ് പേരന്റ്‌സുമായുള്ള ബന്ധം കാത്ത് സൂക്ഷി ക്കണം. മക്കളെ വളര്‍ത്തുന്നതില്‍ അവരെ പങ്കാളിക ളാക്കണം.

പണ്ട് ധാരാളം മക്കളുണ്ടായിരുന്നെന്ന് ഓര്‍ക്കണം. ജനിപ്പിച്ച മാതാപിതാക്കന്മാരല്ലല്ലോ എല്ലാ മക്കളെയും നോക്കിയതും വളര്‍ത്തിയതും. മുത്തശ്ശിക്കഥകള്‍ മുതല്‍ അവര്‍ക്ക് പറഞ്ഞ് കൊടുത്തിരുന്നതും അവ രുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നതുമെല്ലാം മുത്തശ്ശിയും മുത്തച്ഛനുമായിരുന്നു. നമ്മുടെ പല കുടുംബങ്ങ ളിലും ഗ്രാന്റ്‌പേരന്റ്‌സിന്റെ ഉത്തരവാദിത്വമായിരുന്നു കുട്ടികളെ വളര്‍ത്തുകയെന്നത്.

മറ്റൊന്ന് കുട്ടികളെ ഒരു ഭാരമായി കാണരുത്, മറിച്ച് കുട്ടികളെ ആനന്ദമായിട്ട് കാണാന്‍ കഴിയണം. ഇന്ന് പൊതുവേ കാണാറുള്ള ഒരു രീതിയുണ്ട്. കുട്ടികള്‍ കാരണം ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തിന്റെ സ്വസ്ഥതയും സ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്നുള്ള ആകുലത. വളെരയേറെ വിദ്യാഭ്യാസമുള്ള ദമ്പതി കളില്‍ ഭാര്യ ഒരിക്കല്‍ എന്നോട് പറഞ്ഞു, 'ഒരു കുട്ടി വന്നപ്പോഴേക്കും ഭര്‍ത്താവിന്റെ മനോഭാവം മാറി. ഞങ്ങളുടെ ജീവിതത്തിന്റെ കെമിസ്ട്രി തന്നെ ആകെ മാറിപ്പോയി. എന്നോടുള്ള മനോഭാവവും.' എന്റെ അഭിപ്രായത്തില്‍ കുട്ടികളെ സ്വീകരിക്കുന്ന മനോ ഭാവം ദമ്പതികള്‍ക്ക് ഉണ്ടാകണം. നമ്മള്‍ ഒരു ചെടി നട്ടാല്‍, ഒന്നുകില്‍ പൂവുണ്ടാകണം, അല്ലെങ്കില്‍ ഫലം ഉണ്ടാകണം. അല്ലാതെ, പൂവോ ഫലമോ തരാത്ത ഒരു ചെടിയും നമ്മള്‍ നടാറില്ല. ആത്മീയമായി ചിന്തി ച്ചാലും താത്വികമായി ചിന്തിച്ചാലും ദമ്പതികളുടെ ജീവിതത്തില്‍ ഫലമുണ്ടാകണം. ഫലം ഇല്ല എന്നു ണ്ടെങ്കില്‍ ജീവിതം വളരെ വിരസമായിരിക്കും.
ന്യൂ ജനറേഷന്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വളരെ ചെറുപ്പത്തില്‍ തന്നെ മക്കളെ പ്രാര്‍ ത്ഥനയുടെ മനോഭാവത്തില്‍ വളര്‍ത്തണമെന്നതാണ്. അവര്‍ക്ക് ദൈവാഭിമുഖ്യം കൊടുത്ത് വളര്‍ത്തണം.

കുട്ടികള്‍ കണ്ടാണ് പഠിക്കുന്നത്. അപ്പോള്‍ അവരുടെ മനസ്സില്‍ ഫോട്ടോ പോലെ പതിയുന്നത് തിരിച്ചറി യാന്‍ പറ്റാത്ത പ്രായത്തില്‍ അവരുടെ മാതാപിതാക്ക ന്മാരില്‍ കാണുന്ന കാര്യങ്ങളാണ്. മാതാപിതാക്ക ളുടെ പ്രാര്‍ത്ഥനയും ദൈവാഭിമുഖ്യവുമാണ് മക്കളി ലേക്ക് പകരുന്നത്. അവരെ ഉറക്കി കിടത്തിയ ശേഷം പ്രാര്‍ത്ഥിക്കാന്‍ നോക്കരുത്. അവര്‍ കളിക്കുകയും ചിരിക്കുകയും ഒക്കെയാണെങ്കിലും നമ്മുടെ കൂടെ അവരും പ്രാര്‍ത്ഥിക്കട്ടെ. മക്കളെ കൊച്ചിലേ മുതല്‍ കൂടെയിരുത്തി പ്രാര്‍ത്ഥിപ്പിക്കുന്ന രീതി മാതാപിതാ ക്കള്‍ വളര്‍ത്തിയെടുക്കണം. വളരെ ചെറുപ്പം മുതലേ ഇക്കാര്യത്തില്‍ താല്‍പര്യം എടുക്കണം.

ഇപ്പോള്‍ നടക്കുന്ന സിനഡില്‍ രണ്ട് പ്രധാന ചിന്താ ധാരകളുണ്ട്. ഒന്ന്, സഭ അമ്മയാണ്. അതി നാല്‍ അമ്മയുടെ കാരുണ്യത്തോടുകൂടി മാത്രമേ സഭയ്ക്ക് മക്കളെ എല്ലാവരെയും, പ്രത്യേകിച്ച് ഇടറുകയും വീഴുകയും ചെയ്യുന്ന മക്കളെ കാണാ നാവൂ എന്ന ചിന്ത. രണ്ടാമത്, സഭയുടെ ഡോ ഗ്മായും നിയമങ്ങളും കര്‍ശനമായി പാലിക്ക പ്പെടണമെന്ന ചിന്ത. ഈ രണ്ടു ചിന്താധാരകളുടെ പശ്ചാത്തലത്തില്‍ എന്തായിരിക്കും സിനഡില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഫലം?

നമ്മുടെ കര്‍ത്താവിന്റെ തന്നെ ഒരു നിലപാടുണ്ട്. അതാണ് നമുക്ക് മാനദണ്ഡം. അത് സുവിശേഷ ത്തില്‍ കാണാം. നിയമം മനുഷ്യന്‍ ഉണ്ടാക്കിയതാണ്. അത് മനുഷ്യന് വേണ്ടിയാണ്. അതിനാല്‍ മനുഷ്യന്‍ നഷ്ടപ്പെടുന്നിടത്ത് നിയമം വഴിമാറണം.

അങ്ങനെ മാത്രമെ അതിനെ കാണാനാവൂ. അതു കൊണ്ടാണ് കര്‍ത്താവ് പറഞ്ഞത്, കാരുണ്യം വിധി യുടെമേലും വിജയം വരിക്കുമെന്ന്. കരുണകൊണ്ടു നിയമത്തെ മയപ്പെടുത്തുമ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പ് അപകടപ്പെടില്ലേ എന്ന് ആശങ്കപ്പെടു ന്നവരുണ്ട്. ഒരു ന്യായാധിപനെന്ന നിലയില്‍ എന്റെ നിലപാട് എന്നും നീതിയില്‍ കരുണ കലരണമെന്ന തായിരുന്നു.

ഈ സിനഡിനെക്കുറിച്ച് പലര്‍ക്കും ഒത്തിരി ആശ ങ്കകളുണ്ട്. എന്നാല്‍ എനിക്ക് ഒരാശങ്കയും ഇല്ല. കാര ണം ഓരോ കാലഘട്ടത്തിനും ആവശ്യമായ നേതാക്ക ളെയാണ് ദൈവം സഭയ്ക്ക് നല്‍കുന്നത്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പ്രഗത്ഭനായ പാപ്പായായിരു ന്നല്ലോ. അദ്ദേഹത്തെപ്പോലെ ഒരു നേതാവായിരുന്നു ആ കാലഘട്ടത്തിന്റെ ആവശ്യം. ഇന്ന് മറ്റൊരുതരം നേതാവിനെയാണ് ആവശ്യം. ജോണ്‍ പോള്‍ രണ്ടാ മന്‍ പാപ്പാ പ്രത്യയശാസ്ത്രങ്ങളുടെ പൊളിച്ചെഴു ത്താണ് നടത്തിയത്. എന്നാല്‍ ഇന്ന് ഫ്രാന്‍സീസ് പാപ്പാ നടത്തുന്നത് സമീപനങ്ങളുടെയും മനോഭാവങ്ങളുടെയും പൊളിച്ചെഴുത്താണ്.

ആഗോളവത്ക്കരണത്തിന്റെയും ഉപഭോഗ സംസ് ക്കാരത്തിന്റെയും പരിണതഫലങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും ധാരാളമായുണ്ട്. അവ കുടുംബങ്ങ ളില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉരുവാക്കുന്നുണ്ട്. ഈ പ്രശ് നങ്ങളെ മറ്റൊരു കാലഘട്ടത്തില്‍ ഉണ്ടാക്കിയ നിയമ ങ്ങളുടെ പശ്ചാത്തലത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ നമുക്കു തെറ്റുപറ്റും. അതുകൊണ്ടാണ് നമ്മുടെ സമീ പനങ്ങളില്‍ തന്നെ ഒരു പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നത്.
കുടുംബജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും അത്തരമൊരു സമീപനമായിരിക്കും ഈ സിനഡില്‍ നിന്ന് ഉളവാകുക.

ഫാമിലി ജസ്റ്റീസ്
ജസ്റ്റീസ് കുര്യന്‍ ജോസഫ് 

*** കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസും ഹിമാചല്‍പ്രദേശിലെ ചീഫ് ജസ്റ്റീസുമായിരുന്ന (2010-13) കുര്യന്‍ ജോസഫ് 2013-ലാണ് സുപ്രീംകോടതി ജഡ്ജിയായത്. അതിനു മുമ്പ് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ദേശീയ പ്രസിഡന്റും (1985-93), അല്മായ പൊന്തിഫിക്കല്‍ കൗണ്‍സിലംഗവും (1996-2000), കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായിരുന്നു (1990). നല്ല ക്രൈസ്തവ കുടുംബത്തിന് ഒരു മാതൃകയായി പലരും ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെയും റൂബിയുടെയും കുടുംബത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

  (കാരുണികന്‍ (karunikan - Theological magazine) ഒക്ടോബര്‍ ലക്കം)

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...