സമയം തെറ്റിയ പ്രണയം... Short Story about Real love

💕 പ്രണയം...
********************

എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:
അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.

"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."
സംശയത്തോടെ ഭാര്യ നോക്കി.

"എനിക്ക് ഡിവോഴ്സ് വേണം."


ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"


ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.



മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"

"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."
അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.
ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു.

അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി.

രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു.

അയാളെ കണ്ടതും അവള്‍ പറഞ്ഞു,

"ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."


"പറയൂ..."


"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."


ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി.

അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്."

അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.


പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.


ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.


അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു.


"എല്ലാം വലുതാണ്‌" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്.
അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു.

"അച്ഛാ... അമ്മയെ എടുക്ക്... സമയമായി",

മകന് ഇത് ശീലമായിരിക്കുന്നു.


കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു.

അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..."

കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു.
പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു.

ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.


അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു,

"എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ."

കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.


ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.



വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു.

'തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം.'
പക്ഷെ ഭാര്യ...,, അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്.

ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി.

ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി.

അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്‌.

'അത് തനിയ്ക്കുള്ളതാകും.'

സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി.,, തുറന്നു വായിച്ചു.


"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല..
നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്.

പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട., അതിനു മുന്‍പ് ഞാന്‍ പോയിരിക്കും.

നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം.

നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍.

ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു.

എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം.

നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."


"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു,, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍",

കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.


"നിനക്ക് വിട..."


അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു..

അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്...

അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു.

"പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..."
പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു.

അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.


🕒"സമയം തെറ്റി..."
അയാള്‍ മറുപടി പറഞ്ഞു...

------------- ---------

( ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കഥകളില്‍ ഒന്ന്, )

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz