കുമ്പസ്സാരം - Confession

വേദപാഠം പഠിപ്പിക്കുന്ന കന്യാസ്ത്രിയമ്മ അറഞ്ഞു പഠിപ്പിക്കുകയാണ്‌...മാതാപിതാക്കളെ ബഹുമാനിക്കണം...മോഷ്ട്ടിക്കരുത്...കൊല്ലരുത്...വ്യഭിചാരം ചെയ്യരുത്...

ജോണിക്ക് വ്യഭിചാരം ഒഴിച്ച് ബാക്കിയെല്ലാം മനസ്സിലായി. അവൻ വീട്ടില് ചെന്ന് അമ്മയോട് ചോദിച്ചു...

"അമ്മേ എന്താ ഈ വ്യഭിചാരം? അത് ചെയ്യാൻ പാടില്ലാന്ന് സി. ജെയിൻ പറഞ്ഞു"

അമ്മ കുഴങ്ങി...എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും? ഒടുവിൽ അമ്മ പറഞ്ഞു...

"അത് ചിലപ്പോ നീ ഇതിലെ ചാടുകേം ഓടുകേം തലകുത്തി മറിയുകേം ഒക്കെ ചെയ്യാറില്ലേ? അതാ സിസ്റ്റർ പറഞ്ഞത്"


ഓ...അപ്പൊ അതാണ് വ്യഭിചാരം. അപ്പൊ കുബ്ബസ്സാരിക്കണം.

പിറ്റേന്ന് രാവിലെ കുർബ്ബാനക്ക് മുൻപേ ജോണി പള്ളിയിലെത്തി. ഭാഗ്യം! ഫാ. ടോമിച്ചൻ കുബസാരക്കൂട്ടിലുണ്ട്.

ജോണിയുടെ ഊഴം വന്നു...ചെയ്ത പാപങ്ങളെ ഓർത്ത് മനസ്ഥാപപെട്ട് കുബ്ബസ്സാരിക്കാൻ ജോണി അച്ചന്റെ മുൻപിൽ മുട്ടുകുത്തി...

"ഈശോ മിഷിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ"

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

അച്ചൻ ആശീർവദിച്ച് പ്രതിവചിച്ചു.

"പിച്ചീട്ടുണ്ട്...മാന്തീട്ടുണ്ട്...കള്ളം പറഞ്ഞിട്ടുണ്ട്...ചീത്ത പറഞ്ഞിട്ടുണ്ട്...അമ്മയോട് ദേഷ്യപ്പെട്ടിട്ടുണ്ട്...പള്ളീൽ ഇരുന്ന് വർത്താനം പറഞ്ഞിട്ടുണ്ട്...വ്യഭിചാരം ചെയ്തിട്ടുണ്ട്..."

"ങേ"..അച്ചൻ ഞെട്ടിത്തരിച്ച്‌ തിരിഞ്ഞുനോക്കി.

"നീയോ"

"അതേ അച്ചാ"

"എപ്പോ? എവിടെ വച്ച്?" ഒരു ചെറു പുഞ്ചിരിയോടെ അച്ചൻ ചോദിച്ചു.

"വീട്ടില് വച്ച്, സ്കൂളിൽ വച്ച്...ഒരു ദിവസ്സം പലതവണ"

"പോടാ വെറുതെ കള്ളം പറയാത്"

"അച്ചന് വിശ്വാസ്സമായില്ലെങ്കിൽ ഞാൻ ചെയ്ത് കാണിക്കാം അച്ചോ"

ഇതും പറഞ്ഞ് ജോണി കുബ്ബസ്സാരക്കൂട്ടിൽ നിന്നും വെളിയിൽ വന്ന് അച്ചനും നാട്ടുകാരും കാൺകെ അഞ്ചാറു തവണ മലക്കം മറിഞ്ഞു കാണിച്ചു. അച്ചൻ അതുനോക്കി ചിരിച്ചു. ജനം അന്തംവിട്ടു.

കുബ്ബസ്സാരിക്കാൻ ലൈനിൽ നിന്ന മറ്റു വിശ്വാസ്സികൾക്ക് അതോടെ മതിയായി. പാപങ്ങൾക്ക് ഇത്രേം വലിയ പ്രായശ്ചിത്തം കൊടുക്കുന്ന അച്ചന്റെ അടുത്ത് എങ്ങനെ കുബ്ബസ്സാരിക്കും!

ഒരെണ്ണം പിന്നവിടെ നിന്നില്ല.

കടപ്പാട്: ഫാ. ജോസഫ്‌ പുത്തൻപുരക്കൽ.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...