കേരളത്തിൽ ഉടൻ ഒരു മസ്തിഷ്ക മരണത്തിനു സാധ്യത - More chances for brain deaths in kerala

വാട്സാപ്പിലൂടെ ലഭിച്ച ഒരു മെസ്സേജ് ഷെയർ ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടൻ ശ്രീനിവാസൻ അവയവ ദാനങ്ങളിലെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നുണ്ടാവും ഇല്ലേ. അവയവദാനം മഹാദാനം ആണെങ്കിലും അതിന്റെ മറുപുറം ഒന്ന് ചിന്തയ്ക്കു വിധേയം ആക്കുന്നത് നല്ലതാണ്.

നിങ്ങൾ ഒരു ഇരുചക്ര വാഹനമോ മുച്ചക്ര, നാലു ചക്ര വാഹനമോ ഓടിക്കുന്നവരോ ഇവയിൽ യാത്ര ചെയ്യുന്നവരോ ആണോ? എങ്കില്‍ തീർച്ചയായും കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരുപക്ഷെ നിങ്ങള്‍ക്കൊരു അപകടമോ മറ്റോ പറ്റിയാല്‍ അതിന്‍റെ തുടര്‍ച്ചയായി മസ്തിഷ്ക മരണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേരത്തിലെ മൂന്നര കോടി ജനങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഇത് സംഭവിച്ചേക്കാം. കാരണം ഇന്നൊരപകടം പറ്റിയെന്നിരിക്കട്ടെ, ഉടനെ കേള്‍ക്കുന്ന മറ്റൊരുവാര്‍ത്ത അപകടം പറ്റിയ വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ്. അപകടങ്ങളേറെ മുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 2012 മുതലാണ് കേരളത്തിൽ മസ്തിഷ്ക മരണങ്ങള്‍ ഏറിത്തുടങ്ങിയത്. 2012നു ശേഷം ഏകദേശം 236 മസ്തിഷ്ക മരണങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. ഓരോ ദിവസവും ചെറുതും വലുതുമായ നിരവധി അപകട മരങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. അവയിൽ ചിലത് മസ്തിഷ്ക മരണത്തിലേക്കും വഴിമാറുന്നു. എന്നാൽ ഈ മസ്തിഷ്ക മരണങ്ങൾ വൻ അവയവ കച്ചവടങ്ങൾക്കു വഴിവെക്കുന്നുവെന്നാണ് മൈമോ ലൈവ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.


ഓരോ മസ്തിഷ്ക മരണത്തില്‍ നിന്നും ചുരുങ്ങിയത് 50 ലക്ഷത്തിലധികം രൂപയുടെ കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്. സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചാണ് ഈ കച്ചവടങ്ങളത്രയും. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നടന്ന 4 മസ്തിഷ്ക മരണങ്ങളിലൂടെ ആരെയും ഞെട്ടിക്കുന്ന കച്ചവടമാണ് നടന്നിരിക്കുന്നത്. മൈമോ ലൈവ് ഈ അന്വേഷണവുമായി മുന്നോട്ടു പോകുമ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഹൃദയം അത്യാവശ്യമാണെന്നും, ദിവസങ്ങളായി ഒരു ഹൃദയ ദാതാവിനെയും കാത്ത് കിടക്കുകയാണ് അദ്ദേഹമെന്നുമുള്ള ഇന്നത്തെ പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടന്ന ലിസി ഹോസ്പിറ്റലിലാണ് 32കാരനായ യുവാവ് ഹൃദയവും കാത്ത് കഴിയുന്നത്. ഇതിന്‍റെ ചെലവിലേക്കായി ഒരു സഹായ നിധി രൂപീകരിച്ചിട്ടുണ്ടെന്നും സുമനസ്സുകൾക്കു സംഭാവന ചെയ്യാമെന്നുമാണ് വാർത്തയുടെ ഉള്ളടക്കം.

വാർത്ത നല്ല കാര്യം തന്നെ. എന്നാല്‍ ആ രോഗിക്ക് എത്രയും പെട്ടന്ന് ആവശ്യമായ അവയവം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാനാവില്ല. കാരണം അതിനായി മറ്റൊരു ജീവൻ ബലി നൽകേണ്ടിവന്നേക്കാം. അതിനൊപ്പം ഓര്‍ക്കേണ്ട മറ്റൊരു കാര്യം അപകടമരണത്തില്‍പ്പെട്ട് അവയവങ്ങൾ ദാനം ചെയ്യുന്ന വ്യക്തിക്കും ഒരു കുടുംബവും ബന്ധുക്കളും സ്വപ്നങ്ങളുമെല്ലാമുണ്ടെന്നാണ്. ഒരുവശത്ത് ഒരു വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിക്കുമ്പോള്‍ മറ്റൊരുവശത്ത് ഒരു പക്ഷെ നാലോ അഞ്ചോ വ്യകതികൾക്കു പുതുജീവിതം ലഭിച്ചേക്കാം. എന്നാൽ എല്ലാം കച്ചവട താൽപ്പര്യത്തോടെ കാണുന്ന സ്വകാര്യ ആശുപത്രികൾ അപകടം പറ്റിയ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ തടഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ പോലും സമ്മതമില്ലാതെ അവയവങ്ങൾ ലക്ഷങ്ങൾക്ക് കച്ചവടം ചെയ്യുന്ന പതിവാണ് കേരളത്തിൽ.

കേരളത്തിൽ പ്രത്യേകിച്ച് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ കൂണുകൾ പോലെയാണ് വൻകിട ആശുപത്രി സമുച്ഛയങ്ങൾ പൊട്ടിമുളക്കുന്നത്. ഇവയുടെ നടത്തിപ്പിന് വേണ്ടി വരുന്ന വൻതുക ഒരൊറ്റ മസ്തിഷ്ക മരണത്തിലൂടെ തന്നെ ലഭിച്ചാല്‍ പിന്നെന്തിനു വേണ്ടെന്നു വെയ്ക്കണം. കൊച്ചിയിൽ പുതുതായി നവീകരിച്ച ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലാണത്രെ അവയവങ്ങൾ ലഭ്യമാകാനുള്ള സാധ്യത കൂടുതൽ. കാരണം ഇവിടെയാണത്രെ ആക്സിഡന്‍റ് കേസുകള്‍ കൂടുതല്‍ അറ്റൻഡ് ചെയ്യുന്നത്.

കേരളത്തിൽ അവയവങ്ങൾ ലഭിക്കണമെങ്കിൽ ആദ്യം സർക്കാർ രൂപം നൽകിയ മൃതസഞ്ജീവനി എന്ന സംവിധാനത്തിൽ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണം. കേരളത്തിലെ എല്ലാ പ്രമുഖ ആശുപത്രികളും മൃതസഞ്ജീവനി പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ എവിടെ മസ്തിഷ്ക മരണം സംഭവിച്ചാലും മൃതസഞ്ജീവനിയിൽ ആദ്യം അറിയിക്കും. പിന്നീട് അവയവങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ആവശ്യക്കാർക്ക് മുൻഗണന അടിസ്ഥാനത്തിൽ വീതിച്ചു നൽകുന്നതാണ് പതിവ്. മസ്തിഷ്ക മരണം സംഭവിച്ച ആശുപത്രിയിൽ അവയവങ്ങൾക്കായി ആരെങ്കിലും കാത്തിരിപ്പുണ്ടെങ്കിൽ അവർക്കായിരിക്കും മുൻഗണന. അപ്പോൾ മുകളിൽ പറഞ്ഞ സ്വകാര്യ ആശുപത്രി കൂടുതൽ അപകട കേസുകൾ അറ്റൻഡ് ചെയ്യുന്നതുകൊണ്ട് അവിടെ മസ്തിഷ്ക മരണത്തിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് അവയവങ്ങൾ ആവശ്യമുള്ളവർ ഈ ആശുപത്രിയിൽ ചികിത്സ തേടിയാൽ അവയവങ്ങൾ കിട്ടാൻ കൂടുതൽ സാധ്യത ഉണ്ടെന്നാണ് അവയവം ആവശ്യമുള്ളവരുടെ ഇടയിലെ പരസ്യമായ രഹസ്യം.

അവയവങ്ങൾക്കായി കാത്തിരിക്കുന്നവർ ലക്ഷങ്ങൾ ചെലവഴിക്കാനും തയ്യാറാണ്. അവിടെയാണ് അപകടം പറ്റുന്നവന്റെ ജീവനു വേണ്ടിയുള്ള പരോക്ഷ വിലപേശല്‍ നടക്കുന്നത്. ഇത്തരത്തില്‍ ഒരാള്‍ രക്ഷപ്പെട്ടാൽ ലഭിക്കുന്നത് നിസ്സാരമായ തുകയും, മരണപ്പെട്ടാൽ ലഭിക്കുന്നത് ലക്ഷങ്ങളുമാണ്. ഈ രീതിയില്‍ കേരളത്തിൽ നടക്കുന്ന മസ്തിഷ്ക മരണങ്ങളെ നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മസ്തിഷ്ക മരണങ്ങളുടെ റിപ്പോർട്ട് പരിശോധിക്കേണ്ടത് കേരളാ മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് ആണ്. എന്നാൽ മസ്തിഷ്ക മരണം സർട്ടിഫൈ ചെയ്യുന്നത് കേരളത്തിൽ സർക്കാർ നിയമിച്ച ഒരുപറ്റം ഡോക്ടർമാരുടെ പാനൽ ആണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരാണ് ഈ പാനലിലുണ്ടാവുക. 1994 ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റ് ആക്ട് പ്രകാരം ഈ പാനൽ പറയുന്ന പോലെയാണ് മസ്തിഷ്ക മരണങ്ങൾ സർട്ടിഫൈ ചെയ്യുന്നത്.

അപകടത്തിൽപ്പെട്ട വ്യക്തി ആശുപത്രികളിൽ എത്തിയാൽ അദ്ദേഹത്തിന്റെ ജീവിക്കാനുള്ള അവകാശം തന്നെ ചികിത്സിക്കുന്ന ഡോകടർമാരുടെ എത്തിക്‌സിനെ ആസ്പദമാക്കിയിരിക്കുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച സർട്ടിഫിക്കറ്റുകൾ പിന്നീട് യാതൊരു ഓഡിറ്റിംഗിനും വിധേയമാക്കുന്നില്ല എന്നാണ് ഞങ്ങൾ അന്വേഷിച്ചപ്പോള്‍ മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് ജോയിൻ ഡയരക്ടർ പറഞ്ഞത്. ഒരിക്കൽ സർട്ടിഫൈ ചെയ്ത സർട്ടിഫിക്കറ്റ് പുനപരിശോധിക്കുന്നതിന് ഇപ്പോഴുള്ള നിയമത്തിൽ വ്യവസ്ഥയില്ല. എന്നാൽ അതിനായി പുതിയ നിയമ നിർമ്മാണം അനിവാര്യമാണെന്നും അവർ പറയുന്നു. ഇതാണ് ചികിത്സിക്കുന്ന ഡോക്ടറുടെ ധാർമികതയെ ആശ്രയിച്ചിരിക്കും അപകടം സംഭവിച്ച വ്യക്തിയുടെ ജീവിക്കാനുള്ള സാധ്യത എന്നു പറയാന്‍ കാരണം. ചികിത്സിക്കുന്ന ഡോക്ടർ മസ്തിഷ്ക മരണം സംഭവിച്ചു എന്ന് പറഞ്ഞാൽ പിന്നീട് അപകടം പറ്റിയ വ്യക്തിയുടെ ബന്ധുക്കൾക്കോ മറ്റാര്‍ക്കെങ്കിലുമോ മറ്റൊന്നും പറയാനാവില്ല. അപകടം പറ്റിയ വ്യക്തി അബോധാവസ്ഥയിലും, ബന്ധുക്കൾ ഡോക്ടർ പറയുന്നത് കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരുമായി മാറുന്നു. ഈ സാഹചര്യം കർശന പരിശോധനയ്ക്കും നിയമത്തിനും വിധേയമാക്കുകയാണ് വേണ്ടത്. അതിന് പുതിയ നിയമ നിർമാണത്തിന് നമ്മുടെ രാഷ്ട്രീയ നേതാക്കൾ തയ്യാറാവണം

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...