രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന അമൃതം, ഹരിതം എന്നീ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു - Amrutham , Haritham new varities of pot tamarind ( Kudam puli ) from Krishi Vigyan Kendra

രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്.

അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. ആലീസ് ആന്റണി പറഞ്ഞു.



അമൃതത്തില്‍നിന്ന് ലഭിക്കുന്ന പുളിയുണങ്ങിയാല്‍ 51.58 ശതമാനം പുളിരസമുണ്ടാകും. പുളിനല്‍കുന്ന പ്രധാനഘടകമായ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ഇതില്‍ 19.34 ശതമാനമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്ന മരുന്നുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കുടമ്പുളിയില്‍ നിന്നാണെടുക്കുന്നത്.

വിദേശത്തേയ്ക്ക് ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കേരളത്തില്‍നിന്ന് കയറ്റിയയയ്ക്കുന്നുമുണ്ട്.
മീന്‍കറി ഉള്‍പ്പെടെയുള്ള കേരളീയവിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവകൂടിയാണ് കുടമ്പുളി. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

52.99 ശതമാനം പുളിരസമുള്ള ഹരിതത്തില്‍നിന്ന് 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡാണ് ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റിയത് അമൃതമാണ്. അമൃതത്തിന്റെ 100 കിലോ പച്ചപ്പുളി ഉണങ്ങിയാല്‍ 11 കിലോ ഉണക്കപ്പുളി ലഭിക്കും. ഹരിതത്തിന്റെ 100 കിലോ ഉണങ്ങിയാല്‍ 13 കിലോ പുളി ലഭിക്കും. ഇപ്പോള്‍ ഒരുകിലോ ഉണക്കപ്പുളിക്ക് 350 രൂപ വരെ വിലയുണ്ട്. സീസണല്ലാത്തപ്പോള്‍ വന്‍വിലക്കയറ്റമുണ്ടാകുകയും ചെയ്യും.

വിത്തുപാകി കിളിര്‍പ്പിച്ചുണ്ടാകുന്ന മരങ്ങളില്‍ ചിലത് ഫലമില്ലാത്ത ആണ്‍ ഇനമാകും. എന്നാല്‍, അമൃതം, ഹരിതം തുടങ്ങിയവയുടെ ഗ്രാഫ്റ്റ് തൈകളായതിനാല്‍ എല്ലാം പെണ്‍ ഇനമായിരിക്കുമെന്ന് ഗവേഷണകേന്ദ്രം ഉറപ്പുനല്‍കുന്നു. ഹരിതത്തിന്റെ കായ്കളുടെ ചുണ്ടുഭാഗത്തിന് നീളം കൂടുതലാണ്. അല്ലികള്‍ക്ക് കനവും കൂടുതലുണ്ട്. അമൃതം കുറഞ്ഞത് 12 മീറ്ററെങ്കിലും ഉയരം വെക്കും. ഹരിതം ആറുമീറ്റര്‍ വരെ ഉയരത്തിലെത്തും.

കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം 1987ലാണ് പുതിയ പുളിയിനങ്ങള്‍ക്കായി ഗവേഷണം തുടങ്ങിയത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വെറൈറ്റി റിലീസിങ് കമ്മിറ്റി പുതിയ കുടമ്പുളിയിനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

കുടുതല്‍ വിവരങ്ങള്‍ക്ക് -
.
Krishi Vigyan Kendra,
Kumarakom P.O,
Kottayam -686 566
Phone : 0481 - 2529631
Email : kvkkottayam@kau.in

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...