പരസ്പര സ്നേഹവും വിശ്വാസവും വിട്ടുകൊടുക്കലും ലോകത്തെ മാറ്റിമറിക്കും - How world can be changed with love and forgiveness?

ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കൽ ഒരു വിദേശ യുവാവ് മദീനയിലെത്തി.
അവിടെ വെച്ച് ഒരാളുമായി തര്ക്കം ഉണ്ടാവുകയും അത് അബദ്ധവശാൽ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്
നിയമം അനുസരിച്ച് കൊലയ്ക്കു വധ ശിക്ഷയാണ് ലഭിക്കുക . അല്ലെങ്കിൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നല്കുകയോ, വേണമെങ്കിൽ
പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .



ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാൻ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാൻ
ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോൾ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാൻ ഒരാഴ്ച സമയം നല്കണം
എന്നയാൾ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാൽ
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യൻ അബൂദർറ് മുന്നോട്ടു വന്നു.
അദ്ദേഹം വൃദ്ധനായിരുന്നു.

അത് കണ്ടു ജഡ്ജി പറഞ്ഞു
''അബൂദർറ്, താങ്കൾ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരിൽ പ്രമുഖനാണ്
നബിയെ കാണാത്ത പുതു തലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌.
അതിനാൽ ഒന്ന് കൂടി ആലോചിക്കുക. ''

''ആലോചിക്കാൻ ഒന്നുമില്ല, ഞാൻ പ്രതിയെ വിശ്വസിക്കുന്നു.

'' പ്രതി വന്നില്ലെങ്കിൽ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ? ''

''അറിയാം.. ഞാൻ അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നു''

അബൂദർറ് ശാന്തനായി മറുപടി പറഞ്ഞു. യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തിൽ വധ ശിക്ഷയ്ക്കായി അബൂദർറിനെ തൂക്കുമരത്തിൽ കയറ്റി നിർത്തി.
തന്റെ സഹ പ്രവർത്തകനെ രക്ഷിക്കാൻ ഖലീഫ ഉമർ
അശക്തനായിരുന്നു. തൂക്കുകയർ അബൂദർറ്ന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചു വന്നു !

''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാൻ വന്നു''

എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു.
കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്.

ഖലീഫ ഉമർ അബൂദർറ്നോട് ചോദിച്ചു
''എന്ത് ധൈര്യത്തിലാണ് താങ്കൾ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''

''അതെനിക്ക് പ്രശ്നമല്ല , ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാൻ ആഗ്രഹിച്ചു''

യുവാവിനോട് ഖലീഫ ചോദിച്ചു
''താങ്കൾ ആരെന്നു പോലും ഇവിടെയാർക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാൻ തിരിച്ചു വന്നു?''

യുവാവ് പറഞ്ഞു
'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''

ഇതെല്ലാം കണ്ടു പ്രതിയുടെ മക്കൾ പറഞ്ഞു
'' ഞങ്ങൾ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങൾ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവർ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''

മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടൽ കണ്ടു ജനങ്ങള് ഒന്നടങ്കം കരയുകയുണ്ടായി.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...