ഈ ചിത്ര ശലഭങ്ങളും ചിറകു വിടർത്തി പാറി പറന്നോട്ടെ

വീട്ടിലിരുന്നാൽ കാണൽ നടക്കില്ല , റൂം അടച്ചാലും അവൻ ചാടിക്കയറി വരും അനുജൻ . പിന്നെ ആരൊയൊക്കെ കണ്ണ് വെട്ടിക്കണം . നാളെ സ്കൂൾ തുറക്കുകയും ചെയ്യും . അത് കൊണ്ട് അടുക്കള വഴി മൊബൈയിലുമായി പുറത്തിറങ്ങി . തൊട്ട അപ്പുറത്തെ കൈതക്കാട് താണ്ടിയാൽ "തെക്കേ പാടം മനയാണ്" .
ഇപ്പൊ ആരും ഇല്ല അവിടെ. വീതം വെയ്ക്കലിൽ അടി തീരാത്തത് കൊണ്ട് മരിച്ചിട്ടും ദഹിപ്പിക്കാൻ എടുക്കാത്ത പടുവ്രദ്ധന്റെ മ്രതദേഹം പോലെ ചത്തു മലച്ചു കിടക്കുകയാണ് മന.

ഇരുൾ ഇറങ്ങി വരാൻ തുടങ്ങിയിരിക്കുന്നു . ഈ സമയത്ത് ആ മന അത്ര പന്തിയല്ല . പക്ഷെ ഇത് ഇപ്പോഴാ വാട്സ് ആപ്പിൽ കിട്ടിയത് . തുടക്കം കണ്ടിട്ട് ഒടുക്കം കാണാതിരിക്കാൻ ആവുന്നില്ല.
ഞാൻ പതുക്കെ മതിൽ ചാടി . പെട്ടന്ന് കൈതകൾ ഇളക്കി കൊണ്ട് എന്തോ ഒന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി. ഉള്ളൊന്നു നടുങ്ങി!!! .
ആ നടുക്കത്തോടെ നോക്കിയത് മനയിലേക്കാണു . അന്ന് വരെ കാണാത്ത ഒരു മുഖമായിരുന്നു അതിനു . നിഘൂഡതകൾ ഉള്ളിലൊളിപ്പിച്ചു അതെന്നെ സുക്ഷിച്ചു നോക്കി കൊണ്ടിരിക്കുന്നു .
എന്ത് കൊണ്ടോ പെട്ടന്നു ഇരുട്ടായത് പോലെ . ഉള്ളിൽ ഒരു ആളൽ ഞാൻ തിരിച്ചറിഞ്ഞു . തിരിച്ചു മതിൽ കയറൽ നടിക്കില്ല മന വഴി ഇറങ്ങി വീടിന്റെ മുന്പിൽ വരണം .
പലരും പലതും പറഞ്ഞു കേട്ടിടുണ്ട് മനയെ പറ്റി പല കഥകളും . കൂട്ടുകാരൊന്നിച്ചു പോയിട്ടുണ്ട് പലപ്പോഴും, ഇതിനായി അവിടെ ചെന്നിട്ടുമുണ്ട്, പക്ഷെ ഒറ്റക്ക് ആദ്യം അതും ഈ ഇരുൾ പിടിക്കുന്ന സമയം . മനയുടെ തെക്കേ അതിരിലെ പനമരം അതിനു മുകളിൽ പലരും വെളുത്ത രൂപങ്ങൾ തൂങ്ങി ആടുന്നത് കണ്ടിട്ടുണ്ട് പോലും .
മനസിൽ ഭയം ഇരുട്ടിനൊപ്പം കനം കൂടാൻ തുടങ്ങിയിരിക്കുന്നു . ഞാൻ വേഗം കൈതോലകൾ വകഞ്ഞു മാറ്റി മുബോട്ടു നടന്നു . കൈയിലിരുന്ന കാഴ്ച തൽകാലത്തേക്ക് ഞാൻ മറന്നിരുന്നു . വേഗം മന താണ്ടി വീട് പിടിക്കണം .
മനയുടെ പ്രതാപം അടർന്നു പോയ പടവുകൾ തെല്ലു ഭയത്തോടെ കയറി . ഓരോ പടവുകൾ കയറും തോറും അത് എനിക്കു മുബിൽ ഭീമാകാരമായി ഉയർന്നു വന്നു കൊണ്ടിരുന്നു .
തകർന്ന കൽ തൂണുകൾ, പൊട്ടി പൊളിഞ്ഞ കൽഭിത്തികൾ , തല തകർന്ന കൽപ്രതിമകൾ.... ആ പ്രതിമകളിലെ കണ്ണുകളിൽ പോലും ഒരുവല്ലാത്ത ഭയം . അവ എന്നോട് ഇപ്പോൾ എന്തിനു ഇങ്ങോട്ട് വന്നു എന്ന് ചോദിക്കാതെ ചോദിക്കും പോലെ.
ഭയം എന്നെ അടി മുതൽ മുടി വരെ കീഴ്പ്പെടുത്തി .
ഞാൻ പിന്തിരിഞ്ഞു എന്റെ വീടിനെ നോക്കി . പക്ഷെ അതും ഇരുൾ മൂടി പോയിരുന്നു . ശ്വാസഗതി എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായി , കണ്ണുകൾ ഇറുക്കി അടച്ചു .. ഒറ്റ കുതിപ്പിന് മന കടക്കണം . അപ്പോഴാണ്‌ എന്റെ ശ്വാസം നിലക്കുന്ന ആ കാഴ്ച ഞാൻ കണ്ടത് .
മനയുടെ കോലായിൽ നിന്നും വെളുവെളുത്ത എന്തോ ഒന്ന് ശര വേഗത്തില് എന്റെ നേരെ ഓടി വന്നു കൊണ്ടിരിക്കുന്നു.... .
എനിക്കു ചലിക്കാൻ കഴിയും മുന്പേ അത് എന്റെ കാലിൽ വട്ടം ചുറ്റി .   ആ ജീവി എന്റെ കാലിൽ വാലും തലയും ഉരച്ചു . ഞാൻ ഒരു വിറയലോടെ താഴേക്ക് നോക്കി .
" ഈശ്വരാ വീട്ടിലെ പൂച്ചക്കുട്ടിയാണ് .  അമ്മ ഓമനിച്ചു വളർത്തുന്ന പൂച്ചക്കുട്ടി .  അതെങ്ങിനെ ഇവിടെ വന്നു . ഞാൻ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ ഇതിനെ വല്ല ജന്തുക്കളും പിടിച്ചേനെ   "
ഞാൻ അതിനെ കയ്യിൽ എടുത്തു .  അത് പതുക്കെ കരഞ്ഞു കൊണ്ട് എന്റെ മുഖത്ത് മുഖം ഉരസി .  ഒരു ജീവനെ കൂട്ടു കിട്ടിയപ്പോൾ എന്നിലെ ധൈര്യം തിരിച്ചു വന്നു .
ഞാൻ അതിനെ തഴുകി കൊണ്ട്   മുൻപോട്ടു നടന്നു . മന അടുക്കും തോറും  ആ പൂച്ചക്കുട്ടി എന്റെ നെഞ്ചോരം ചേർന്ന്   പതുങ്ങാൻ തുടങ്ങി .
മനയുടെ മുറ്റത്ത്‌ എത്തിയതും അത് കുതറാൻ തുടങ്ങി . എത്ര നെഞ്ചോടു ചെർത്തിട്ടും അത് അടങ്ങിയില്ല . ഞാൻ ബലം പ്രയോഗിച്ചപ്പോൾ അത് ഒരു തരം ശബ്ദം പുറപ്പെടുവിച്ചു . ഒരു തരം കുറുകൽ .  വീണ്ടും എനിക്കു ചുറ്റും ഭയം ഇരുട്ടിന്റെ കൂട്ടു പിടിച്ചു വട്ടം ചുറ്റാൻ തുടങ്ങിയിരിക്കുന്നു .
പെട്ടന്നാണ് ആ മന്ദിരത്തിന്റെ ഉമ്മറത്തു ആരോ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് .  അതോ നിഴലോ ..? തിരിച്ചറിയും മുന്പേ പൂച്ചക്കുട്ടി ഒരു നിലവിളിയോടെ കയ്യിൽ നിന്നും ചാടി മനയുടെ ഉമ്മറത്തേക്കൂ കയറി . പിന്നെ അത് ആ നിഴലിനു സമീപം പതുങ്ങി നിന്നു .
ഞാൻ വീണ്ടും ആ നിഴലിനെ സുക്ഷിച്ചു നോക്കി . ഒരു സ്ത്രീ രൂപം പത്തോ പതിനട്ടോ വയസു പ്രായം വരുന്ന ഒരു പെണ്‍കുട്ടി  പുറം തിരിഞ്ഞു ഇരിക്കുകയാണ് . എന്റെ ശരീരം മുഴുവൻ ഒരു തരം വിറയൽ ബാധിച്ചു . ആ  കാഴ്ച്ച വെറും തോന്നലാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയി ഞാൻ .
പെട്ടന്ന് വല്ലാത്ത ഒരു ശബ്ദത്തോടെ കാറ്റു അടിച്ചു .. ഒപ്പം തൊട്ട അടുത്ത് നിന്ന്  കുറുക്കന്റെ ദയനീയമായ ഓലിയിടലും . ആ നിമിഷം ആ രൂപം തല എനിക്കു നേരെ വട്ടം തിരിച്ചു . എന്റെ എന്റെ ബോധം മറയുകയായിരുന്നു.
ആകാശത്ത് അത് വരെ എത്തി നോക്കിയ ചന്ദ്രക്കലയും പേടിയോടെ  മേഘപാളികൾ കൊണ്ട് വാതിലടച്ചു . ഞാൻ നിലത്തു വീണു കിടക്കവെ ആ സ്ത്രീ രൂപം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു . അത് കണ്ടതും പേടിച്ചരണ്ടത് പോലെ ആ പൂച്ചക്കുട്ടി എന്നെ മരണത്തിനു വിട്ടു കൊടുത്ത് എന്റെ വീട് ലക്ഷ്യമാക്കി ഓടി .
അവൾ ആ കാറ്റിൽ അരികിലേക്ക് ഒഴികി വരുന്നത് കിടന്ന കിടപ്പിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു . അവൾ അടുത്ത് വന്നപ്പോൾ  മാംമസം ചീഞ്ഞളിഞ്ഞ ഗന്ധം ആവിടം ആകെ പരന്നു . അവൾ എനിക്കരുകിൽ വന്നുവെങ്കിലും മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല
" നിനക്ക് എഴുന്നേൽക്കാൻ കഴിയുമോ " ആ ചോദ്യം എന്റെ നിമിഷങ്ങൾ എണ്ണപ്പെടതായി എനിക്ക് തോന്നി. എങ്കിലും  അവരുടെ  ശബ്ദത്തിലോ ചോദ്യത്തിലോ ഒരു അസാധാരണത്തം തോന്നിയില്ല . .
എന്റെ നാവ് വായിൽ ഉള്ളതായി എനിക്കു തോന്നിയില്ല അത് കൊണ്ട് തന്നെ  ഞാൻ കിടന്ന കിടപ്പിൽ  തലയാട്ടുക മാത്രം ചെയ്തു.
" വേണ്ട മരണത്തിന്റെ രൂപം ഈ കിടപ്പ് തന്നെയാണ് . " അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു .
" നീ എന്നെ കണ്ടിട്ടുണ്ടോ .... കണ്ടിട്ടുണ്ട് എന്ന് എനിക്കറിയാം . നീ കാണാൻ വന്നത് എന്നെയാണ് . എന്റെ ഉടുതുണി ഉരിഞ്ഞ നിഴലിനെയാണ്...മൊബൈലിൽ നിന്ന് മറ്റൊന്നിലേക്കു പറന്നു കൊണ്ടിരിന്നത് പറത്തിക്കളഞ്ഞത് എന്റെ ജീവനാണ്  "
" എനിക്കറിയാം  നീ ചിന്തിക്കുന്നത്  . ഞാൻ തെറ്റ് ചെയിതിട്ടല്ലേ എന്നല്ലേ..? . സ്വന്തം വീട്ടിലെ കുളുമുറിയുടെ ചുമുരകൾ പോലും ഞങ്ങൾക്ക് സുരക്ഷിതം ഇല്ലാതെ പോയത് തെറ്റ് തന്നെയാ ... കൊടും തെറ്റ് . ഞങ്ങളുടേതല്ല നീ അടങ്ങുന്ന സ്മൂഹത്തിന്റെ.. ." അവളുടെ രൂപവും സ്വരവും മാറുന്നത് ഞാൻ അറിഞ്ഞു.
" നീ.. നീ അടങ്ങുന്ന ഈ സമൂഹം  ചീഞ്ഞളിഞ്ഞ   മാംമസത്തിൽ   വീണ്ടും വീണ്ടും  കാമം തീർക്കുമ്പോൾ ഓർത്തോ ..  . ജീവിക്കാൻ കൊതിയുണ്ടായിട്ടും “ഒരു തെറ്റിന്റെ പേരില്” സമൂഹം മണ്ണിട്ട്‌ മൂടിയ  ഒരു പാട് പേരുടെ ആത്മാക്കൾ ഉണ്ട്  നിങ്ങൾക്ക് ചുറ്റും   . അവരുടെ അടങ്ങാത്ത നിലവിളികൾ ഉണ്ട്. . അവരുടെ ശാപവചനങ്ങൾ ഉണ്ട് ഇടിത്തീ പോലെ . നിങ്ങളെ വിടാതെ പിന്തുടർന്ന് .ഒരു ഇരുളിൽ അവർ കാത്തിരിപ്പുണ്ട്‌ നിങ്ങൾക്കായി  ....”
അവൾ ഒന്ന് ശരീരം കുടഞ്ഞു .അപ്പോൾ ശരീരത്തിൽ നിന്നും എന്തോ തെറിച്ചു പോയി കൊണ്ടിരുന്നു . ഒന്ന് രണ്ടെണം എന്റെ ശരീരത്തിലും വീണു അവയ്ക്ക് ജീവൻ ഉണ്ടായിരുന്നു .
" നിനക്ക് കാണേണ്ടേ .... എന്റെ നഗ്നത നേരിട്ട് .. നിഴലലെ കണ്ടിട്ടുള്ളു . ഇന്നത്തെ എന്റെ ശരീരം കാണണ് നീ ..." അവൾ ആകാശത്തേക്ക് നോക്കി അപ്പോൾ മേഘപാളികൾ കൊണ്ട് കതകടച്ച നിലാവു പേടിയോടെ പുറത്ത് വന്നു ആ ദ്രശ്യത്തിനു വെളിച്ചമൊരുക്കി  പതുങ്ങി നിന്നു.
ഞാൻ തലയിട്ടു നിലത്ത് അടിച്ചു കൊണ്ട് കാണേണ്ട എന്ന് ആർത്തലച്ചു . 
" കാണണം .. എന്നെ കുഴിയിൽ വെച്ചിട്ട് കുറഞ്ഞ ദിവസങ്ങളെ ആയുള്ളൂ ... നിന്റെ ആർത്തി തീരണം " അവൾ ഒന്ന് ചിരിച്ചു. 
അവൾ എനിക്കു മുൻപിൽ നിന്ന് വസ്ത്രങ്ങൾ അഴിച്ചു . ആ നിലാവിൽ ഞാൻ കണ്ടു പുഴുക്കൾ മുങ്ങാം കുഴി ഇടുന്ന അവളുടെ ശരീരം .  അതിൽ നിന്നും ഓരോന്നായി നിലത്തു വീണു കൊണ്ടിരുന്നു . അവ വീണ്ടും ആർത്തിയോടെ അവളുടെ മാംസത്തിലേക്ക് പറ്റി പിടിച്ചു കയറിക്കൊണ്ടിരുന്നു . തലച്ചോറു തുളക്കുന്ന അളിഞ്ഞമാംസത്തിന്റെ ഗന്ധം.
"  കണ്ടാൽ പോരാ ആസ്വദിക്കണം നീ ...." അവൾ എന്റെ കാൽക്കൽ വന്നു എന്റെ ശരീരത്തിലേക്ക് ചാഞ്ഞു . ഞാൻ പിടഞ്ഞു മാറാൻ നോക്കി നാവു പോലെ ശരീരവും അനക്കാൻ സാധിച്ചില്ല . അപ്പോൾ എന്റെ ശരീരം നിറയെ പുഴുക്കൾ ആയിരുന്നു . ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു മരണത്തെ മുന്പിൽ കണ്ടു .
കണ്ണ്‍ തുറന്നപ്പോൾ ഞാൻ ആശുപത്രിയിൽ ഡ്രിപ്പ് ഇട്ടു കിടത്തപ്പെട്ടിരിക്കുകയായിരുന്നു  . ചുറ്റും ബന്ധുക്കൾ കണ്ണ് നിറച്ചു നിൽപ്പുണ്ട് . അമ്മ എന്റെ മുടിയിൽ കൈ തലോടി സാരി തുമ്പ് കൊണ്ട് വറ്റാത്ത കണീർ തുടച്ചു കൊണ്ടിരിക്കുന്നു . എന്റെ ശരീരം ആകെ ഉറുമ്പ് അരിച്ച പോലെ ദ്വാരങ്ങൾ വീണിരുന്നു .
പിന്നെ ഞാൻ അറിഞ്ഞു എന്നെ കാണാതെ നാട് മുഴുവൻ തിരഞ്ഞവർ മനയുടെ മുറ്റത്ത് ബോധം കെട്ടു കിടക്കുന്ന എന്നെ കണ്ടെത്തുകയായിരുന്നു വെന്ന്  .
ആ കടുത്ത വേദനയിൽ ഞാൻ  എന്റെ മൊബൈൽ അനേഷിച്ചു . അത് സംശയത്തോടെ  അമ്മ വെച്ച് നീട്ടിയപ്പോൾ ഞാൻ ആ വേദനയിലും ഒന്ന് ചിരിച്ചു .ഒരു ഉറച്ച തീരുമാനത്തിൽ നിന്നും വന്ന ചിരി ആയിരുന്നു .  അത് വാങ്ങി അതിലുണ്ടായിരുന്നതെല്ലാം ഡിലീറ്റ് ചെയുതു .
അപ്പോഴേക്കും സിസ്റ്റർ ഇൻഞ്ചെക്ഷൻ  വെക്കാൻ എത്തി. പതുക്കെ എന്റെ കൈത്തണ്ടയിൽ സൂചി താഴ്ത്തി " സ്നേഹത്തോടെ ചോദിച്ചു “അനിയാ വെദനിക്കുന്നുവോ..?"
ഞാൻ അവരുടെ മുഖത്തേക്ക് നോക്കി എന്റെ കണ്ണുകൾ വിടർന്നു " അത് അവൾ ആയിരുന്നു . “അവൾ "
അവൾ പതുക്കെ മുഖം എന്റെ മുഖത്തിനു നേരെ താഴ്ത്തി എനിക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു " ഓരോ പെണ്ണിന്റെ കണീർ ഭൂമിയിൽ പതിക്കുമ്പോഴും ഭൂമി വെന്തു ഉരുകുകയാണ് അനിയാ.. . അത് തടഞ്ഞിലെങ്കിൽ ആ ചൂടിൽ വെന്തു ഉരുകി പോവും ഈ വഴി തെറ്റി സഞ്ചരിക്കുന്ന സമൂഹം” അവൾ ചിരിച്ചു കൊണ്ട് വീണ്ടും തുടർന്നു
 
“ഭൂമിയിൽ നിങ്ങളെ പോലെ ഞങ്ങളും അവകാശികളാണ് .... ഈ ചിത്ര ശലഭങ്ങളും ചിറകു വിടർത്തി പാറി പറന്നോട്ടെ അനിയാ .." അവൾ ചിരിച്ചു കൊണ്ട് എന്റെ കവിളിൽ തലോടി . പിന്നെ യാത്ര പറഞ്ഞു മറ്റൊരു ലോകത്തേക്ക് എന്നെന്നേക്കുമായി ....  .
.മനോജ്‌ കുമാർ കാപ്പാട് - കുവൈറ്റ്

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...